പത്തനംതിട്ട: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപെട്ടു. എരുമേലി കണ്ണിമല കുത്തിറക്കത്തിൽ തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ അഞ്ച് തീർഥാടകർക്ക് പരുക്കേറ്റു. വെള്ളിയാഴ്‌ച പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയർ തകർത്ത് നിൽക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളിൽ പൊലീസിൻ്റെ സേവനമുണ്ടെങ്കിലും, വാഹനത്തിനു വേണ്ട നിർദേശങ്ങൾ നൽകിയില്ലെന്നും ആരോപണമുണ്ട്. ആംബുലൻസിൻ്റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലിൽ നിന്നും ആംബുലൻസ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം, തൊടുപുഴ കുട്ടിക്കാനത്തിനടുത്തായി വളവില്‍ വച്ച് നിയന്ത്രണം വിട്ട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വേറൊരു ബസ് മറിഞ്ഞിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴ് കുട്ടികൾ ഉൾപ്പെടെ 44 യാത്രക്കാരുമായി തമിഴ്‌നാട്ടിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വേഗത്തിലെത്തിയ ബസ് വളവിൽ വച്ച് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.
Be the first to comment