കോഴിക്കോട്: നല്ലളത്ത് പ്ലാസ്റ്റിക് ഗോഡൗണിലും സമീപം പ്രവർത്തിക്കുന്ന ആക്രിക്കടക്കും തീ പിടിച്ചു. ഇന്നലെ അർധ രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ആദ്യം പ്ലാസ്റ്റിക് ഗോഡൗണിലാണ് തീ പിടിച്ചത്. പെട്ടെന്ന് തന്നെ തീ ആളിപ്പടർന്ന് തൊട്ടടുത്ത ആക്രി കടയിലേക്കും വ്യാപിച്ചു.ശബ്‌ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും അതുവഴി വന്ന യാത്രക്കാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഉടൻ തന്നെ തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ ഇരുകടകളിലേയ്ക്കും തീ ആളിപ്പടർന്നിരുന്നു.കനത്ത തീയും പുകയും ഉയർന്നതോടെ ഫയർ യൂണിറ്റ് അംഗങ്ങൾക്ക് തീ അണക്കുന്നതിന് വലിയ തടസം നേരിട്ടു. മീഞ്ചന്തയിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ ഇരുകടകളും പൂർണമായി കത്തി നശിച്ചിരുന്നു.കടകളിൽ ഏറെ സാധനങ്ങൾ സംഭരിച്ച് വെച്ചതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് കട ഉടമകൾക്ക് ഉണ്ടായത്. ഇരുകടകളിലും ഉണ്ടായ തീപിടുത്തം പരിസരത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും വ്യാപിക്കാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. കനത്ത പുകയും ചൂടും ഉണ്ടായതോടെ പരിസരത്തെ മറ്റ് കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. നല്ലളം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
Be the first to comment