വയനാട് : പാസ്റ്റർക്ക് നേരെയുള്ള ബജ്റംഗ്‌ദൾ പ്രവകത്തകരുടെ ഭീഷണിയിൽ കേസെടുത്ത് പൊലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നതടക്കം ഭീഷണികളാണ് പാസ്റ്റർക്ക് നേരെ മുഴക്കിയത്. ബജ്റംഗ്‌ദൾ നടത്തിയ ഭീഷണിയെ തുടർന്നാണ് ബത്തേരി പൊലീസ് കേസെടുത്തിരിക്കുന്നത്. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് എത്തിയ പാസ്റ്ററെയാണ് ഒരു കൂട്ടം ബജ്റംഗ്‌ദൾ പ്രവർത്തകർ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്. തടഞ്ഞു വയ്‌ക്കൽ, ഭീഷണി, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഏപ്രിലിൽ ആണ് സംഭവം നടന്നത്. 'ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ആകില്ല, കാൽ വെട്ടിക്കളയും, അടി കൊണ്ട് കാര്യമില്ല' എന്നെല്ലാമാണ് പാസ്റ്ററെ തടഞ്ഞുവച്ച് യുവാക്കൾ ഭീഷണി മുഴക്കിയത് വീഡിയയോയിൽ കാണാം. പാസ്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
Be the first to comment