തൃശൂർ: തൃശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അംഗത്വം സ്വീകരിച്ച് എൽഡിഎഫ് കൗൺസിലർ. നടത്തറ ഡിവിഷൻ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഷീബ ബാബുവാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിലും എൽഡിഎഫ് പ്രതിനിധിയായി ഷീബ പങ്കെടുത്തിരുന്നു. 'മൂന്നുതവണ തന്നെ തെരഞ്ഞെടുത്ത ജനങ്ങൾക്ക് ആവശ്യമായ വികസനം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അനുവദിക്കുന്ന ഫണ്ട് യഥാസമയം കിട്ടുന്നില്ല, വികസനത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ഗ്രൗണ്ട് തടയപ്പെട്ടു. ഫണ്ടുകൾ അനുവദിക്കുന്നതിന് വലിയ തടസമാണ് നേരിട്ടത്. എല്ലായിടങ്ങളിലും പരാതിപ്പെട്ടു, ഫലം ഉണ്ടായില്ല. മിച്ച ഭൂമിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെൻ്റർ ഞാനറിയാതെ മാറ്റാൻ ശ്രമിച്ചു. ഒന്നര വർഷമായി മുന്നണി കാര്യങ്ങൾ അറിയിക്കാറില്ല. സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എൻഡിഎ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു' അവർ പറഞ്ഞു. ഭാവിയിൽ ബിജെപിയുടെ അംഗത്വമെടുക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എൻഡിഎയ്‌ക്കൊപ്പം നിന്നാൽ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഷീബ ബാബു പറഞ്ഞു. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ തന്നെ പിന്തുണയ്‌ക്കുന്നവരുണ്ടെന്നും വികസനമാണ് തൻ്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഡിവിഷൻ്റെ പുരോഗതി സാധ്യമാക്കുവാൻ പാകത്തിലുള്ള കൃത്യമായ പ്ലാനുകളും തനിയ്‌ക്കുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
Be the first to comment