മലപ്പുറം: വനത്തിനുള്ളിൽ വിലസി നടക്കുന്നതിനിടയിൽ മരണത്തെ മുഖാമുഖം കണ്ട കുട്ടിക്കുരങ്ങന് രക്ഷകനായത് കെഎസ്‌ഇബി ജീവനക്കാരൻ. വനത്തിലെ വള്ളികൾ ചാടി പിടിക്കുന്നതിനിടയിൽ കുരങ്ങൻ പിടിച്ചത് കെഎസ്ഇബി ലൈനിൽ. ഇലക്ട്രിക് ഷോക്കേറ്റതിൻ്റെ ആഘാതത്തിൽ അവശനായി വീണ കുരങ്ങ് കെഎസ്‌ഇബി ജീവനക്കാരൻ ജോമോൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നീട് ഓടി അതിൻ്റെ അടുത്തെത്തി. അവശനായി വീണ കുരങ്ങിനെ കണ്ടപാടെ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിലായി കെഎസ്ഇബി ജീവനക്കാരൻ ജോമോൻ. കുരങ്ങിനെ ഉടൻ പിടിച്ചെടുത്ത് റോഡരികിൽ കിടത്തിയ ശേഷം കൈ കൊണ്ട് ജോമോൻ സിപിആർ കൊടുക്കാൻ തുടങ്ങി. കുറച്ചു നിമിഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുരങ്ങ് കൈ കാലുകൾ ചലിപ്പിച്ചു തുടങ്ങി. ജോമോൻ്റെ സമയോചിതമായ ഇടപെടൽ കുരങ്ങിനെ ജീവിതത്തിലേയ്‌ക്ക് തിരിച്ചു കൊണ്ടുവന്നു. കുരങ്ങിനെ എടുത്തുകൊണ്ടുവരുന്നതിൻ്റെയും സിപിആർ കൊടുത്ത് ജീവൻ രക്ഷിച്ച് തിരികെ കാട്ടിലേയ്‌ക്ക് ഓടി പോകുന്നതിൻ്റെയും വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നീട് ഈ സത്‌ക്കർമത്തിന് കൈയടിയും അഭിനന്ദന പ്രവാഹമായിരുന്നു. വിളിച്ചാൽ വിളിപുറത്ത് എത്തുന്ന കെഎസ്‌ഇബി ജീവനക്കാർക്ക് മനുഷ്യ ജീവനും പക്ഷിയും മൃഗങ്ങളുമെല്ലാം ഒരേപോലെയാണെന്നുള്ളതിന് മറ്റൊരു ഉദാഹരണമാണ് മലപ്പുറത്തെ ഈ സംഭവം.
Be the first to comment