പാലക്കാട്: പട്ടാമ്പിയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന കുടുംബത്തിന്‍റെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ചാബി മണ്ഡലി (56) എന്നയാള്‍ അറസ്റ്റില്‍. ആമയൂർ ഈസ്റ്റ് വള്ളൂരിൽ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. 13 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തി. വില്‍പ്പനക്കായി ക്വട്ടേഴ്‌സില്‍ സൂക്ഷിച്ച കഞ്ചാവാണ് പട്ടാമ്പി പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പട്ടാമ്പി സബ് ഇൻസ്പെക്‌ടർ കെ.ഫാസിൽ റഹ്മാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. കോയമ്പത്തൂരിൽ നിന്ന് അനൂപ് മണ്ഡൽ എന്ന തന്‍റെ സുഹൃത്താണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. ഇയാൾക്ക് പിന്നിൽ ലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് എസ്‌സിപിഒ ശ്രീകുമാർ, ഡബ്ല്യൂസിപിഒ സജിത, സിപിഒ വിനോദ്, ഡാൻസാഫ് സ്ക്വാഡ് എഎസ്‌ഐ അനിൽകുമാർ, എസ്‌സിപിഒ സന്ദീപ്, സജീഷ്, സിപിഒമാരായ സുഭാഷ്, ശശിധരൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പട്ടാമ്പി മേഖലയിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.