പാലക്കാട്: നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടിക്ക് സമീപം പുലി നടന്ന് പോകുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. ജനവാസമേഖലയോട് ചേർന്നുള്ള പ്രദേശത്ത് പുലിയുടെ സാന്നിധ്യം ദൃശ്യങ്ങളിൽ പതിഞ്ഞതോടെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സുരക്ഷാഭീതി ഉയരുകയാണ്. പുലി പാടിക്ക് സമീപത്തുകൂടി നടന്നുപോകുന്നത് സിസിടിവി കാണാൻ സാധിക്കും. സംഭവത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായോ വളർത്തുമൃഗങ്ങളെ ആക്രമിച്ചതായോ നിലവിൽ സ്ഥിരീകരിച്ച വിവരങ്ങളില്ല. തോട്ടം തൊഴിലാളികളുടെ താമസസ്ഥലങ്ങൾക്ക് സമീപം വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നത് രാത്രിയിലും പുലർച്ചെയുമുള്ള യാത്രകൾക്കും ദൈനംദിന ജോലികൾക്കും വെല്ലുവിളിയാണ്. ജോലിക്കായി നേരത്തേ പുറത്തിറങ്ങേണ്ടിവരുന്ന തൊഴിലാളികൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജില്ലയിലെ നെന്മാറയിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടെത്തി. അളുവശേരി പോക്കാമടയ്ക്ക് സമീപമാണ് നാട്ടുകാര്‍ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.