കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരി തെളിഞ്ഞതിനെ പിന്നാലെ വിവിധ മത്സരങ്ങളിലായി ഇന്ന് പ്രതിഭകൾ മാറ്റുരയ്ക്കും. ട്രാക്കും ഫീൽഡും ആദ്യ ദിവസം തന്നെ സജീവമാണ്. ഭിന്നശേഷിക്കാർക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങളാണ് ആദ്യ ദിനം ആരംഭിക്കുന്നത്. ദേശീയ- അന്തർദേശീയ നിലവാരത്തിലുള്ള മൈതാനമാണ് കായികമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഇൻക്ലൂസീവ് മത്സരങ്ങളിൽ ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ ഗെയിം ഇനങ്ങളും ഇവിടെ നടക്കുന്നുണ്ട്. ചൂടുണ്ടെങ്കിലും തെളിഞ്ഞ ആകാശമാണ് നിലവിൽ കാണുന്നത്.പ്രധാന മത്സരങ്ങൾ നാളെ മുതൽ പ്രധാന മത്സരങ്ങൾ, ജനറൽ കാറ്റഗറി വിഭാഗങ്ങളിലുള്ള മത്സരങ്ങൾ നാളെ മുതലാണ് ആരംഭിക്കുക. ദേശീയ റെക്കോർഡും മീറ്റ് റെക്കോർഡും സംസ്ഥാന റെക്കോർഡും ഭേദിക്കുന്ന തരത്തിലുള്ള മത്സരങ്ങൾ ഇവിടെ നടക്കുമോയെന്ന ആകാംക്ഷയിലാണ് ജനം. ഫുട്ബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ ഗെയിം ഇനങ്ങളിൽ ആരായിരിക്കും വിജയിക്കുക, ചാമ്പ്യൻ പട്ടം ആര് കരസ്ഥമാക്കും തുടങ്ങിയ ആയിരക്കണക്കിന് ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. മേളയുടെ ഭാഗമായി ജില്ലയിലെ 10 വേദികളിലായി വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2000-ത്തിൽപ്പരം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും.