കോട്ടയം: കുറുവിലങ്ങാട് അന്തർ സംസ്ഥാന വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി. 72 ലക്ഷം രൂപയുമായി രണ്ട് പേരാണ് പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ രാജൻ പേട്ട ഷഹർഷാവാലി(25), ഷേക്ക് ജാഫർവാലി (59) എന്നിവരെയാണ് പിടികൂടിയത്. കുറവിലങ്ങാട് എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആദായ നികുതി വകുപ്പിന് കൈമാറി. ഇവരുടെ ബാഗിലും ധരിച്ചിരുന്ന ജാക്കറ്റിനകത്തും ഒളിപ്പിച്ച നിലയിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നും പത്തനാപുരത്തേക്ക് പോകുന്ന അന്തർ സംസ്ഥാന ബസിലായിരുന്നു ഇരുവരും യാത്ര ചെയ്‌തിരുന്നത്. വിശദാംശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ക്രിസ്‌മസ്- ന്യൂയർ സ്‌പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടന്ന പരിശോധനയ്‌ക്കിടെയാണ് കള്ളപ്പണം പിടികൂടിയതെന്ന് എക്‌സൈസ് ഇൻസ്‌പെക്‌ടർ രാഹുൽ രാജ് പറഞ്ഞു. കേരളത്തിൽ ഇതിന് മുമ്പും സമാനമായ രീതിയിൽ കള്ളപ്പണം പിടികൂടിയിട്ടുണ്ട്. ലഹരി മരുന്ന് കടത്ത്, കള്ളപ്പണ ഇടപാട് തുടങ്ങിയവ കേരളത്തിൽ വർധിച്ച് വരികയാണ്. അധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കനത്ത ജാഗ്രത പുലർത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.
Be the first to comment