ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജനവാസ മേഖലകളിലേക്ക് ആന ഇറങ്ങുന്നത് പതിവാണ്. എന്നാല്‍ ഇത്തവണ ആനകള്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായി. വിവാഹ ആഘോഷം നടക്കുന്ന വീട്ടിലേക്കാണ് ആനകളുടെ മാസ് എന്‍ട്രി. ഹരിദ്വാറിലെ ബിൽകേശ്വർ കോളനിയിലാണ് സംഭവം. ആരെയും ശല്യപ്പെടുത്താതെ വാഴപ്പഴം വയറ് നിറയെ കഴിച്ച് ആന തിരികെ പോയി. ശത്രുഘ്‌നൻ ഝയുടെ വീട്ടിലാണ് അതിശയകരമായ സംഭവം നടന്നത്. വീടിൻ്റെ പ്രധാന ഗേറ്റ് തള്ളി തുറന്നാണ് ആനകള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. അതില്‍ ഒരു ആന മുന്നില്‍ കണ്ട സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തി മുന്നോട്ട് നീങ്ങി. എന്നാല്‍ മുറ്റത്ത് വാഴപ്പഴം കണ്ടതോടെ ആന പെട്ടെന്ന് ശാന്തനായി. വിവാഹ തലേന്ന് ആഘോഷങ്ങളെല്ലാം കഴിഞ്ഞ് കിടന്നുറങ്ങിയ വീട്ടുകാരൊന്നും തന്നെ ആന വന്നതും പോയതും അറിഞ്ഞില്ല. രാവിലെ മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഇതോടെ വീട്ടിലെ സിസിടിവി പരിശോധിച്ചു. അപ്പോഴാണ് ആനയെത്തിയതും പഴം അകത്താക്കിയതുമെല്ലാം അവരറിയുന്നത്. ബിൽകേശ്വർ കോളനിയില്‍ മിക്കപ്പോഴും വന്യജീവികളെത്താറുണ്ട്. എന്നാല്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ശത്രുഘ്‌നൻ പറഞ്ഞു.
Be the first to comment