പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ടയിലെ കോന്നി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലായിരുന്നു സംഭവം. തുടർന്ന് പൊലീസും ഫയർഫോഴ്‌സും ചേർന്ന് തള്ളി മുന്നോട്ട് നീക്കുകയായിരുന്നു. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സുരക്ഷിതമായിത്തന്നെ ലാൻ്റ് ചെയ്‌തു. അതിനു ശേഷമാണ് ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്. രാഷ്ട്രപതിയെയും കൊണ്ട് തിരുവനന്തപുരത്തു നിന്ന് എത്തുന്ന ഹെലിക്കോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. എന്നാൽ കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് ടയറുകൾ താഴാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു പമ്പയിലേക്ക് പുറപ്പെട്ടു. രാഷ്ട്രപതിയുടെ യാത്രയ്ക്ക് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഇത് സുരക്ഷാ വീഴ്‌ചയായി കണക്കാക്കുമെന്നാണ് വിവരം.
Be the first to comment