കോട്ടയം: ഭക്തിസാന്ദ്രമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ നവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന പൂജവയ്പ്പ്. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് വിശേഷാല്‍ ഗ്രന്ഥങ്ങള്‍ സംവഹിച്ചുള്ള ഘോഷ യാത്രയെ തുടര്‍ന്നായിരുന്നു പൂജവയ്പ്പ് ചടങ്ങുകള്‍ നടന്നത്. സരസ്വതി സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലായിരുന്നു ചടങ്ങ്. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, സ്വാമി വിവേകാന്ദ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിശിഷ്‌ട ഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ച് കൊണ്ടുള്ള ഘോഷ യാത്ര പരുത്തുംപാറ കവലയില്‍ സംഗമിച്ചു. തുടര്‍ന്ന് രഥഘോഷ യാത്രയായി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തിന് മുന്നില്‍ ദേവസ്വം അസി.മാനേജര്‍ കെവി ശ്രീകുമാര്‍ വിശേഷാല്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സരസ്വതി ദേവിയുടെ സന്നിധിയില്‍ എത്തിച്ച് പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ പൂജവയ്പ്പ് നടന്നു. വിജയദശമി ദിനമായ വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 02) ക്ഷേത്രത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാദേവതയുടെ സന്നിധിയില്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കും.
Be the first to comment