ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ജില്ലാ പഞ്ചായത്തില്‍ മൂന്നാര്‍ ഡിവിഷനില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി സി നെല്‍സണും പ്രവര്‍ത്തകരുമാണ് കാട്ടാനക്ക് മുമ്പില്‍ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മൂന്നാറിലാണ് സംഭവം നടന്നത്. മൂന്നാര്‍ നല്ലതണ്ണി കല്ലാര്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രചാരണം കഴിഞ്ഞ് രാത്രിയില്‍ മടങ്ങവെയാണ് സ്ഥാനാര്‍ത്ഥിയും സംഘവും കാട്ടാനക്ക് മുമ്പില്‍പ്പെട്ടത്. പ്രദേശത്ത് സ്ഥിര സാന്നിധ്യമായ ഒറ്റകൊമ്പനാണ് സ്ഥാനാര്‍ത്ഥിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പാഞ്ഞടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞ വിവരം. കാട്ടാന പാഞ്ഞടുത്തതോടെ പരിഭ്രാന്തിയിലായ സംഘം ഏറെ ദൂരം വാഹനം പിന്നോട്ടോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറിൻ്റെ സംയോജിതമായ ഇടപെടൽ കൊണ്ടാണ് കട്ടാനയുടെ ആക്രമണത്തിൽ നിന്നും സ്ഥാനാർഥിയും സംഘവും രക്ഷപ്പെട്ടത്. കഷ്‌ടിച്ച് ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന പാതയിലൂടെയാണ് വാഹനം പിന്നോട്ടെടുത്ത് സ്ഥാനാര്‍ത്ഥിയും സംഘവും കാട്ടാനയുടെ മുമ്പില്‍ നിന്നും രക്ഷപ്പെട്ടത്. കാട്ടാന റോഡില്‍ നിന്നും പിന്‍വാങ്ങിയ ശേഷം സംഘം മൂന്നാറിലേക്ക് യാത്ര തുടരുകയായിരുന്നു.
Be the first to comment