പത്തനംതിട്ട: റാന്നിയിലെ ഒരു വീട്ടിൽ അടുക്കളയിലെ സ്‌റ്റൗവിന് മുകളിൽ മൂർഖൻ പാമ്പ്. റാന്നി അങ്ങാടി പേട്ട ജങ്‌ഷന് സമീപം താമസിക്കുന്ന രാജാ നസീറിന്‍റെ വീട്ടിലാണ് അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. ശാസ്‌താംകോവില്‍ ലോഡ്‌ജില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ് രാജാ നസീർ. പുറത്ത് പോയിരുന്ന രാജ തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ അടുക്കളയില്‍ ഗ്യാസ് സ്‌റ്റൗവിനും പാത്രങ്ങള്‍ക്കും ഇടയിൽ മൂർഖൻ പാമ്പിനെ കാണുന്നത്. ഈ സമയം പത്തി വിടർത്തി നിൽക്കുകയായിരുന്നു പാമ്പ്. അടുക്കളയില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വിവരം അറിഞ്ഞു പ്രദേശവാസികള്‍ ഉടനടി സ്ഥലത്തെത്തി. ഉടൻതന്നെ വിവരം പാമ്പു പിടുത്തക്കാരനായ മാത്തുക്കുട്ടിയെന്നയാളെ അറിയിച്ചു. ഇയാള്‍ മിനിറ്റുകള്‍ക്കുള്ളിൽ സ്ഥലത്തെത്തി മണിക്കൂറുകളോളം ഭീതി പടർത്തിയ പാമ്പിനെ പിടികൂടുക ആയിരുന്നു. പമ്പ നദിയുടെ തീരത്തുള്ള പ്രദേശമായതിനാൽ പ്രദേശത്ത് പാമ്പു ശല്യമുള്ളതായി നാട്ടുകാർ പറയുന്നു. ഇവിടെ ധാരാളം പെരുമ്പാമ്പുകളെയും മൂർഖൻ പാമ്പുകളെയും കാണാറുണ്ടെന്നും ഇവർ വ്യക്തമാക്കി. ഈ സംഭവത്തോടെ നാട്ടുകാർ കൂടുതൽ പരിഭ്രാന്തർ ആയിരിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.
Be the first to comment