കോട്ടയം: ബസ് കാത്തു നിന്നില്ലെന്ന് ആരോപിച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർക്ക് മർദനം. കോട്ടയം തിരുനക്കരയിൽ വച്ച് വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കിളിമാനൂർ സ്വദേശി അജിത്ത് എജെയ്‌ക്ക് നേരെയാണ് നാലംഗ സംഘം മർദനം അഴിച്ചുവിട്ടത്. ഒപ്പമുണ്ടായിരുന്ന ക്ലീനർക്കും മർദനമേറ്റു. കോട്ടയം സ്വദേശികളായ മനു മോഹൻ, സഞ്ജു, അനന്തു അടങ്ങുന്ന നാൽവർ സംഘമാണ് മർദിച്ചത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ശനിയാഴ്‌ചയാണ് ഡ്രൈവറും ക്ലീനറും പരാതി നൽകിയത്. ഇതിനെ തുടർന്ന് പൊലീസ് ഇവരുടെ പേരിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്ന് ബെംഗളുരുവിലേയ്ക്ക് സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് അജിത്ത്. കോട്ടയം ചിങ്ങവനത്തു നിന്നും സീറ്റ് ബുക്ക് ചെയ്‌ത യാത്രക്കാരെ ബസിൽ കയറ്റാതെ പോയെന്ന് ആരോപിച്ചാണ് ഡ്രൈവർക്കെതിരെ അക്രമണം. ബസ് ചിങ്ങവനത്തെത്തിയപ്പോൾ യാത്രക്കാർ സ്റ്റോപ്പിൽ എത്തിയിരുന്നില്ല. ഇവരെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടപ്പോൾ ഉടൻ എത്താമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഏറെ നേരം കാത്തുനിന്നിട്ടും യാത്രക്കാർ എത്താത്തതിനെ തുടർന്ന് ബസ് വിട്ടു പോരുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്.എന്നാൽ മറ്റൊരു വാഹനത്തിൽ ബസിനെ പിന്തുടർന്ന് എത്തിയ യുവാക്കൾ കോട്ടയത്ത് എത്തുന്നതിനു മുൻപ് ബസിൽ കയറുകയും ബസ് ഡ്രൈവറെയും ക്ലീനർറെയും മർദിക്കുകയും ആയിരുന്നു. മർദനമേറ്റവർ കോട്ടയത്ത് ചികിത്സ തേടി.
Be the first to comment