കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്‌ടർമാർ പിടിയിലായി. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് സംഭവം. ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന്, അജാസ് ഖാൻ അലീനയെ ഉപദ്രവിക്കുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അജാസ് ഖാൻ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് വിവരം. തുടർന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഉപയോഗത്തിനായി കരുതിയിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് കേസിൽ ഇരുവർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. എന്നാൽ, പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്‌തു. യുവതിയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുകയാണ് അലീന മാർഗ്രറ്റ് സഖറിയ. അജാസ് ഖാൻ വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ വ്യക്തിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.