കാഞ്ഞിരപ്പള്ളി: ഓടുന്ന ബസിൽനിന്നു റോഡിലേക്കു തെറിച്ചുവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന 'വാഴയിൽ' എന്ന സ്വകാര്യ ബസിൽ നിന്നാണു വിദ്യാർഥിനി തെറിച്ചു വീണത്. ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ്സ്റ്റോപ്പിന് അടുത്താണ് സംഭവം.വിദ്യാർഥിനി വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ പോയത് നാട്ടുകാരെ രോഷാകുലരാക്കി. സ്വകാര്യബസുകളുടെ അനാവസ്ഥയെന്നാണ് നാട്ടുകാരുടെ ആരോപണം. രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് കാര്യമായ പരിക്കുകളില്ല. ബസ്സ്റ്റോപ്പിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഓടുന്ന ബസിൽനിന്നു കുട്ടി തെറിച്ചു വീഴുന്നതും ബസ് നിർത്താതെ പോകുന്നതും കാണാം.കാഞ്ഞിരപ്പള്ളി ടൗണിലെ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. സംഭവത്തിൽ ആരും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ബസുകളുടെ മത്സരയോട്ടത്തിൽ മുൻപും നിരവധി അപകടങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിരവധി പേർക്കാണ് ഇത്തരം അപകടങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടിട്ടുള്ളത്. ഇതിൽ വിദ്യാർഥികളുമുണ്ട്. ജീവൻ പൊലിയുന്ന മരണയോട്ടങ്ങൾക്ക് തടയിടാൻ സർക്കാരും ഗതാഗതവകുപ്പും ശക്തമായ ഇടപെടലുകൾ നടത്തണമെന്നാണ് അവശ്യമുയരുന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.