ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ ടെന്നിന്റെ ഡീസൽ പതിപ്പുകൾ ഹ്യുണ്ടേയ് പിൻവലിച്ചു. പുത്തൻ മോഡലായി ഗ്രാൻഡ് ഐ 10 നിയോസിന്റെ വരവിനു പിന്നാലെയാണു ഗ്രാൻഡ് ഐ 10 ശ്രേണിയെ ഹ്യുണ്ടേയ് പെട്രോൾ പതിപ്പുകൾ മാത്രമാക്കി പരിമിതപ്പെടുത്തിയത്. വിപണിയിലുള്ള വകഭേദങ്ങളുടെ എണ്ണം നിയന്ത്രിക്കാനും ആശയക്കുഴപ്പം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഡീസൽ ഗ്രാൻഡ് ഐ 10 പതിപ്പുകൾ പിൻവലിച്ചതെന്നാണു സൂചന. ഒപ്പം ഇടത്തരം വകഭേങ്ങളായ മാഗ്ന, സ്പോർട്സ് പതിപ്പുകളിൽ മാത്രമാണു നിലവിൽ ഗ്രാൻഡ് ഐ 10 വിൽപനയ്ക്കുള്ളത്.ഇതോടെ പെട്രോളിനു പുറമെ സി എൻ ജിയും ഇന്ധനമാക്കാവുന്ന 1.2 ലീറ്റർ എൻജിനോടെ മാത്രമാവും ഇനി ഗ്രാൻഡ് ഐ 10ന് ലഭിക്കുക. ഡൽഹി ഷോറൂമിൽ 5.83 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണു കാറിന്റെ വില. പെട്രോൾ ഇന്ധനമാകുമ്പോൾ 83 ബിഎച്ച്പിയോളം കരുത്തും 114 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ധനം സി എൻ ജിയെങ്കിൽ കരുത്ത് 66.3 ബി എച്ച് പിയും ടോർക്ക് 98 എൻ എമ്മുമായി താഴും. സി എൻ ജി കിറ്റുള്ള കാർ പെട്രോളിൽ ഓടുമ്പോൾ എൻജിന്റെ പരമാവധി കരുത്ത് 81.6 ബിഎച്ച്പിയും ടോർക്ക് 110 എൻ എമ്മുമാണ്
Be the first to comment