കോഴിക്കോട്: താമരശേരി ചുരം ഒന്നാം വളവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശികളായ അഞ്ച് പേർ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വയനാട്ടിൽ നിന്നും താമരശേരി ഭാഗത്തേക്ക് ചുരം ഇറങ്ങി വരികയായിരുന്നു കാര്‍. ഒന്നാം വളവിന് താഴെ എത്തിയപ്പോൾ പെട്ടെന്ന് കാറിൻ്റെ മുൻവശത്ത് നിന്നും പുക ഉയർന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ഇവർ കാർ നിർത്തി പുറത്തിറങ്ങി നോക്കുമ്പോഴേക്കും തീ ആളിക്കത്തി. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി. ഫയർ യൂണിറ്റ് സ്ഥലത്തെത്തിഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. കാർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം. തീ കത്തി തുടങ്ങിയ സമയത്ത് കാർ യാത്രക്കാർ പുറത്ത് ഇറങ്ങിയത് കാരണം വലിയൊരു ദുരന്തമാണ് വഴിമാറിയത്. കാർ തീ പിടിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് താമരശേരി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.