തലസ്ഥാന നഗരിയിലെത്തുന്ന സന്ദർശകരെ മൂന്ന് പതിറ്റാണ്ടിലേറെയായി വിസ്മയിപ്പിച്ച ആ വലിയ കൂട്ടുകാരൻ ഇനി ഓർമ. തിരുവനന്തപുരം മൃഗശാലയിലെ ഏക ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗമായിരുന്ന ശംഭു വിടവാങ്ങി. 39 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശംഭു ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്. ഇതോടെ മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ കൂട് പൂർണമായും ശൂന്യമായി.1993 മേയ് 19നാണ് അസം സ്‌റ്റേറ്റ് സുവോളജിക്കൽ പാർക്കായ ഗുവഹത്തിയിൽനിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് വെറും അഞ്ച് വയസ്സായിരുന്നു ഈ കൊമ്പൻ്റെ പ്രായം. 6.5 ലക്ഷം രൂപ ചെലവാക്കിയാണ് അന്ന് അധികൃതർ ഈ വമ്പനെ കേരളത്തിൽ എത്തിച്ചത്. അസമിൽനിന്ന് കൊണ്ടുവന്നപ്പോൾ 'ജാദു' എന്നായിരുന്നു ഇവൻ്റെ പേര്. പിന്നീട് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് 'ശംഭു' എന്ന് പേര് മാറ്റിയത്. അന്ന് മുതൽ ഇന്നുവരെ മൃഗശാലയിലെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും പ്രധാന ആകർഷണമായിരുന്നു ഈ ഒറ്റക്കൊമ്പൻ. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ മൃഗശാലകളിൽ ഒന്നായ തിരുവനന്തപുരത്തെ പ്രധാന താരത്തെയാണ് ശംഭുവിൻ്റെ വിയോഗത്തിലൂടെ നഷ്ടമായത്.
Comments