വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു | Oneindia Malayalam

  • 6 years ago
Vijay Rupani takes oath as Gujarat Chief Minister
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്തുു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുജറാത്ത് ഗവര്‍ണര്‍ ഓംപ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തത്. 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ച ബിജെപി ഇത്തവണയും ഭരണം നിലനിര്‍ത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഓഫീസില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ സാച്ചിവലയ ഗ്രൗണ്ടില്‍ വച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ എന്നിവരും സാന്നിധ്യമറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗും പരിപാടിയില്‍ സംബന്ധിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് മുന്‍ മുഖ്യമന്ത്രി വിജയ് രുപാനി മുഖ്യമന്ത്രിയായും നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയുമായും തുടരുമെന്ന് നിശ്ചയിച്ചത്. ആര്‍സി ഫല്‍ദു, ഭൂപീന്ദ്രസിംഗ് ചുദാസമ, കൗശിക് പട്ടേല്‍, സൗരഭ് പട്ടേല്‍, ഗണ്‍പത് സിംഗ് പട്ടേല്‍, വെസ്റ്റഭായ് വാസവ, ജയേഷ്ഭായി വിത്തല്‍ഭായ് റദാദിയ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ മന്ത്രിമാര്‍. വിജയ് രുപാനി മന്ത്രിസഭയിലുണ്ടായിരുന്ന പലര്‍ക്കും ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്.

Recommended