കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. സംഭവത്തെത്തുടർന്ന് ഗൂഡാലോചനക്കേസില്‍ നടൻ ദിലീപ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടിക്ക് പിന്തുണ പ്രകടിപ്പിച്ചും നടനെ പിന്തുണച്ചും സിനിമാലോകത്ത് നിന്ന് പലരും രംഗത്തെത്തിയിരുന്നു. ആ സംഭവത്തിന് ശേഷം ഒരൊറ്റ ചിത്രത്തില്‍ മാത്രമാണ് നടി അഭിനയിച്ചത്. പൃഥ്വിരാജിനൊപ്പമാണ് നടി അഭിനയിച്ചത്. എന്നാല്‍ നടിക്ക് സിനിമയില്‍ പുതുതായി അവസരങ്ങള്‍ ഒന്നും ലഭിക്കുന്നില്ല എന്നാണ് പൊതുവേയുള്ള ആരോപണം. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംവിധായിക വിധു വിൻസെൻറ് ഇതുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് വിധു വിന്‍സന്റ് പറഞ്ഞു. നിര്‍മ്മാതാക്കളാണ് നടിയെ അഭിനയിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നടി ഉള്‍പ്പെടുന്ന സിനിമയുമായി സഹകരിക്കാന്‍ പല നിര്‍മ്മാതാക്കളും തയ്യാറാകുന്നില്ല.