ഹാദിയ കേസുമായി ബന്ധപ്പെട്ട് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഹാദിയയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെഫിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഷെഫിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ ഐസിസ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരാണ്. കേരളത്തില്‍ കൂട്ടവംശഹത്യയ്ക്ക് ഇവര്‍ പദ്ധതിയിട്ടുവെന്ന് എന്‍ഐഎയുടെ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ നിരവധി കണ്ടെത്തലുകള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മന്‍സീദിനും സഫ്വാനും എതിരെയുണ്ട്. എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലിയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊടൈക്കനാലിലെ പ്രശസ്തമായ ജൂതപ്പള്ളിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ആയിരുന്നവത്രേ ഇവരുടെ ലക്ഷ്യം. കൂടാതെ ഉന്നത രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരേയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ടത്രേ.