ഹിസ്ബുള്ള നേതാവ് നസറുല്ലയെ വധിക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍. ഇസ്രായേല്‍ സൈന്യത്തിന്റെ മുഖ്യവക്താവ് ബ്രിഗേഡിയര്‍ നജറല്‍ റൊനെന്‍ മനേലിസാണ് ഈ ഭീഷണി മുഴക്കിയത്. ഹിസ്ബുല്ലയ്‌ക്കെതിരേ മാധ്യമങ്ങളെ ഉപയോഗിച്ച് മനശ്ശാസ്ത്രപരമായ യുദ്ധം ഇസ്രായേല്‍ തുടങ്ങിക്കഴിഞ്ഞതായും മനേലിസ് പറഞ്ഞു. യുദ്ധത്തില്‍ നസ്‌റുല്ല കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അത് വലിയ സൈനിക നേട്ടമായിരിക്കുമെന്നും സൈനിക വക്താവ് അഭിപ്രായപ്പെട്ടു. മേഖലയിലെ ഇസ്രായേലിന്റെ സുപ്രധാന ശത്രുവാണ് ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ല. 2000ത്തിലും 2006ലും ഹിസ്ബുല്ലയ്‌ക്കെതിരേ യുദ്ധം തുടങ്ങിവയ്ക്കുകയും ഹിസ്ബുല്ലയുടെ പക്കല്‍ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്ത അനുഭവമാണ് ഇസ്രായേലിനു മുമ്പിലുള്ളത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കു പുറമെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഇസ്രായേല്‍ ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണം ശക്തമാക്കിയതായും മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ മനേലിസ് പറഞ്ഞു.